കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന വിലക്കുണ്ട്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 93 പേര്‍ മരിച്ചതായി സ്ഥിരീകരണം. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 93 പേരുടെ ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Read more
27 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇതുവരെ 128 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യോമസേനയുടെ ഹെലികോപ്ടര്‍ ചൂരല്‍ മലയില്‍ ലാന്റ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടന്ന 50 പേരെ കൂടി രക്ഷപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ മാത്രമായി ഇതുവരെ 45 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.