മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ വിചാരണ സെപ്റ്റംബര്‍ 12ലേക്ക് മാറ്റി; കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം കോഴിക്കോട് എത്തിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അന്യായമായി സംഘടിച്ച് തടസമുണ്ടാക്കിയെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ വിചാരണ സെപ്റ്റംബര്‍ 12ലേക്ക് മാറ്റി. കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ മാറ്റിയത്.

കേസ് നീട്ടിക്കൊണ്ടുപോകാനാണോ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്ന്് ഗ്രോ വാസു ചോദിച്ചപ്പോള്‍, കേസ് അങ്ങനെ നീട്ടാന്‍ കഴിയില്ലെന്ന് കോടതി മറുപടി നല്‍കി. അതേ സമയം കേസിലെ ഏഴാം സാക്ഷി ലാലു കോടതിയില്‍ കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലെന്ന് വിചാരണ നടക്കുന്ന കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ലാലു പറഞ്ഞു.

Read more

കോടതിയില്‍നിന്ന് കൊണ്ടുപോകുന്നതിനിടെ ഇത്തവണയും ഗ്രോ വാസു മുദ്രാവാക്യം വിളിച്ചിരുന്നു. കഴിഞ്ഞ തവണ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ മുഖം തൊപ്പിയൂരി മറച്ചുപിടിച്ചാണ് ജീപ്പിലേക്ക് കയറ്റിയത്. ഇങ്ക്വിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഇത്തവണയും ആവര്‍ത്തിച്ചത്.