ടവര്‍ ലൈനിനു കീഴില്‍ കൃഷിചെയ്ത വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം. കമ്മീഷൻ അംഗം അംഗം വി കെ ബീനാകുമാരിയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ പുതുപ്പാടി ഇളങ്ങടത്ത് യുവ കർഷകൻ അനീഷിന്റെയും, പിതാവ് തോമസിന്റെയും തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന കർഷകരെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.

മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ്  വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. കർഷകന് നഷ്യപരിഹാരം കൊടുക്കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

സംഭവത്തില്‍ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. കൃഷി മന്ത്രി ഉൾപ്പെടെ നിരവധിപ്പേരാണ് കെ എസ് ഇ ബി യുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകന്‍ പറയുന്നത്.