മനുഷ്യക്കടത്ത് ; കൊല്ലത്ത് അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് എതിരെ കേസ്

കൊല്ലത്ത് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. 11 പേര്‍ക്കെതിരെയാണ് കേസ.് തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ആഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം നടത്തിയത്.

പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാന്‍ ശ്രമിച്ചത്. മനുഷ്യ കടത്തിന്റെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ്. ഇന്നലെ കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണ്. കടല്‍ കടക്കാന്‍ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്.

കൊല്ലത്ത് പിടിയിലായ 11പേരില്‍ ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തമിഴ്നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.

ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.