നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്നും ശാരദയുടെ വാക്കുകൾ ഹൃദയസ്പർശിയാണെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ശാരദയുടെ വാക്കുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു.’ – വി ഡി സതീശൻ കുറിച്ചു. അതേസമയം ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരൻ പ്രതികരിച്ചിരുന്നു.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നാലുവയസ്സുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും ശാരദ പറയുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ശാരദ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ തനിക്കിപ്പോൾ അത് കേട്ട് ശീലവുമായെന്നു പറയാമെന്നും ശാരദ പറയുന്നു. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ് എന്നും ശാരദ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘നാലുവയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ എനിക്കു മടിയായി. വെളുത്ത ചർമം വിസ്മയമായി. ഫെയർ എന്ന തോന്നലുള്ള എന്തിനോടും, അതെല്ലാം നല്ലതും പൂർണഗുണങ്ങളാൽ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാൻ താണതരത്തിൽപെട്ട, മറ്റേതെങ്കിലും വിധത്തിൽ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു.’