ആഭ്യന്തരവകുപ്പ് (KERALA POLICE) പ്രത്യേക മന്ത്രി വേണമെന്ന് ഇടുക്കി സിപിഐഎം സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാനത്തെ ആഭ്യന്തരം വന്‍ പരാജയമായി മാറിയെന്നാണ് സമ്മേളനത്തിലെ അഭിപ്രായം. ഇടുക്കി പൊലീസ് മേധാവിക്കെതിരെ അടക്കം വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി വേണമെന്ന ആവശ്യവും സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം ഉയര്‍ത്തി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും. ഇത്തരക്കാരുടെ പിന്തുണയോടെ നടക്കുന്ന പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നിലവാരത്തെ തകര്‍ക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
സേനയിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ഇത് കണ്ടെത്താന്‍ ശ്രമം നടത്തണമെന്നും അഭിപ്രായമുയര്‍ന്നു. പൊലീസ് അസോസിയേഷനുകളെയും സമ്മേളനം കുറ്റപ്പെടുത്തി. പൊലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു.
Read more
നേരത്തെ സംസ്ഥാന പൊലീസ് സേനയിലെ വീഴ്ചകളെ തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പാര്‍ട്ടിക്കാരുടെ വിമര്‍ശനവും ഉയരുന്നത്.