ആയിരം സതീശന്‍മാര്‍ വന്നാല്‍ അര പിണറായി; സഹന ശക്തിയ്ക്ക് ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് മുഖ്യമന്ത്രിയ്‌ക്കെന്ന് വിഎന്‍ വാസവന്‍

ആയിരം സതീശന്‍മാര്‍ വന്നാല്‍ അര പിണറായി ആവില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. സഹന ശക്തിയ്ക്ക് ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായിക്ക് ലഭിക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു സന്നിഗ്ദ ഘട്ടത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ചതായും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം നടന്ന ദിവസം എത്തിയെന്നത് ശരിയാണെന്നും വാസവന്‍ അറിയിച്ചു. കെപിസിസി അധ്യക്ഷന്‍ നിരാഹാരം കിടന്നപ്പോള്‍ വത്സന്‍ തില്ലങ്കേരി അഭിവാദ്യം ചെയ്ത സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് അതേ വത്സന്‍ തില്ലങ്കേരിയാണ് പൂരത്തിനെത്തിയതെന്നും വാസവന്‍ പറഞ്ഞു.

കോടതി നിബന്ധനകള്‍ അനുസരിച്ചായിരുന്നു പൂരം സംഘാടനവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമായിരുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയാതെ അല്ല ആരോപണം ഉന്നയിച്ചതെന്നും വാസവന്‍ അഭിപ്രായപ്പെട്ടു. വസ്തുതകള്‍ മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവ് ഉദ്യോഗസ്ഥരെ മാറ്റാത്തതെന്തെന്ന ചോദ്യം ഉന്നയിക്കുന്നതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.