കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രത്തിന് സത്ബുദ്ധി തോന്നിയതിൽ നന്ദിയുണ്ട്. അതല്ലായിരുന്നെങ്കിൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരത്തിലേക്കും കേരളം മാത്രമല്ല ഇന്ത്യ ഒട്ടുക്കും പോകുമായിരുന്നു. അതിന് ഒരു പരിധി വരെ തടയിടാൻ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന് സുധാകരൻ പറഞ്ഞു.
എന്നാൽ കേന്ദ്രം മാത്രം ഇന്ധനനികുതി കുറച്ചാൽ വില കുറയില്ലെന്നും സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്‌ക്കണമെന്നും സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറച്ചില്ല എങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും. അതിനാൽ ഉമ്മൻചാണ്ടി സർക്കാർ മുമ്പ് കാണിച്ച മാതൃക പിണറായി സർക്കാർ കാണിക്കണം എന്ന് സുധാകരൻ പറഞ്ഞു.
ഇന്ധനവില അനിയന്ത്രിതമായി വർദ്ധിക്കുമ്പോൾ സംസ്ഥാന സർക്കാർ നോക്കി നില്‍ക്കരുത്. കേന്ദ്രത്തെ പോലെ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം ഉണ്ട്. അതിനാൽ കേന്ദ്ര സർക്കാർ നികുതി കുറച്ചതു പോലെ അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ഇടതു സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Read more
എക്സൈസ് തീരുവ കുറച്ച് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്നാണ്. രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിട്ട പരാജയവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ഈ നീക്കത്തിന് ആക്കം കൂട്ടി.