വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; ഇത്തവണ ആക്രമണം പശുവിന്; എട്ടാം ദിവസവും തിരച്ചില്‍ തുടരുന്നു

വയനാട് വാകേരിയില്‍ നരഭോജി കടുവയ്ക്കായി തിരച്ചില്‍ തുടരുമ്പോള്‍ കല്ലൂര്‍ക്കുന്നില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത് കടുവയുടെ കാല്‍പ്പാടുകളെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കല്ലൂര്‍ക്കുന്നിലെത്തിയ കടുവ ഒരു പശുവിനെയും ആക്രമിച്ചിരുന്നു. വാകയില്‍ സന്തോഷ് എന്നയാളുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുവിനെ കുറച്ച് ദൂരം വലിച്ചിഴച്ച് കൊണ്ടു പോയി.

അതേ സമയം നരഭോജി കടുവയ്ക്കായി എട്ടാം ദിവസമായ ഇന്നും തിരച്ചില്‍ തുടരും. പശുവിന് പുല്ലരിയാന്‍ പോയ യുവാവിനെ കടുവ കൊലപ്പെടുത്തിയ വാകേരി കൂടല്ലൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവ എത്തിയത്. കടുവയ്ക്കായുള്ള തിരച്ചില്‍ ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു.

Read more

കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് കൂടുതല്‍ ആര്‍ആര്‍ടി അംഗങ്ങളെ കടുവയെ പിടികൂടാനായി വാകേരിയില്‍ എത്തിക്കും. ഉത്തര മേഖല സിസിഎഫ്, സൗ്ത്ത് വയനാട് ഡിഎഫ്ഒ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.