ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും ഒഴിവാക്കി

കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

Read more

നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരാണയന്‍ തമ്പി ഹാളിലാണ് നാളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകിട്ട് മുഖ്യമന്ത്രി മറുപടി പറയും.