ബിരുദം തോറ്റ വിദ്യാര്‍ത്ഥിക്ക് ഉന്നതപഠനത്തിന് പ്രവേശനം; വിവാദ നടപടി കണ്ണൂര്‍ സര്‍വകലാശാല റദ്ദാക്കി, കായിക വിഭാഗം മേധാവിയെ മാറ്റും

ബിരദം തോറ്റ വിദ്യാര്‍ത്ഥിക്ക് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നതപഠനത്തിന് പ്രവേശനം നല്‍കിയ വിവാദ നടപടി കണ്ണൂര്‍ സര്‍വകലാശാല റദ്ദ് ചെയ്തു. ചട്ടങ്ങള്‍ മറികടന്ന് വിദ്യാര്‍ഥിനിക്ക് സര്‍വകലാശാല കായികപഠന വിഭാഗത്തില്‍ ബി.പി.എഡിന് പ്രവേശനം നല്‍കിയ നടപടിയാണ് വൈസ് ചാന്‍സലര്‍ റദ്ദാക്കിയത്.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് തലവന്‍ ഡോ. വി.എ വില്‍സനെ തല്‍സ്ഥാനത്തു നിന്നും മാറ്റാനും തീരുമനമായി. സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെയും വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തി. നവംബര്‍ ഏഴിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ നിര്‍ദേശിച്ചു.

മതിയായ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് ചട്ടങ്ങള്‍ മറികടന്നും മാര്‍ക്ക് ദാനം നല്‍കിയുമാണ് സര്‍വകലാശാല പഠനവകുപ്പില്‍ പ്രവേശനം നല്‍കിയത്.. ഇക്കാര്യം പുറത്തറിഞ്ഞതോടെ കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചത്.