'ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനം'; പ്രായപരിധി ചർച്ചാ വിഷയമല്ലെന്ന് ഇപി ജയരാജൻ

പ്രായപരിധിയിൽ ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. പ്രായപരിധി ചർച്ചാ വിഷയമല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കവെയാണ് പ്രായപരിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ പി ജയരാജൻ അഭിപ്രായം പറഞ്ഞത്.

ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പൊതുവെ എടുക്കുന്ന നിലപാട് പുതിയ നേതൃശക്തികളെ ഉയർത്തി കൊണ്ടുവരിക എന്നതാണ്. അതിനുളള നടപടികൾ സ്വീകരിക്കും. പ്രായപരിധി എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച ഒന്നാണെന്നും അത് നിയമപരമായ പരിരക്ഷയുടെ ഭാ​ഗമായിട്ടുളളതല്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

ഈ വിഷയത്തിൽ സഹകരണ മേഖലയിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. അതേസമയം സഹകരണ മേഖലയിൽ ഒരാൾ തന്നെ പ്രസിഡന്റായി വരുന്നത് അതിന്റെ പ്രവർത്തന രംഗത്ത് ആക്ഷേപങ്ങൾക്ക് ഇടയാക്കുമെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. ചുമതലകൾ നിർവ്വഹിക്കാൻ കഴിയുന്ന ഒരു പുതിയ നേതൃനിര തന്നെ വളർന്ന് വരുന്നുണ്ട്. കേരള ​​ജനത ഇന്ന് വിദ്യാസമ്പന്നരാണ്. അതുകൊണ്ട് പുതിയ തലമുറയിലുളളവരെ ഉയർത്തി കൊണ്ടുവന്ന് നേതൃരം​ഗത്തേക്ക് ഉയർത്താനും പൊതു സമൂഹത്തിന് ഊർജം നൽകാനുമുളള പ്രായോ​ഗിക സമീപനം എന്ന നിലയിലാണ് പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇപി ജയരാജൻ വ്യക്തമാക്കി.