മുന്നൂറോളം നിക്ഷേപകരില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായി ആരോപണം; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധം

മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീടിന് മുന്നില്‍ തിരുവനന്തപുരം അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീടിന് മുന്‍പിലാണ് പ്രതിഷേധം. മുന്നൂറോളം നിക്ഷേപകരില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ചാണ് പ്രതിഷേധം.

കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. ശിവകുമാറിന്റെ ബിനാമിയായ കരകുളം സ്വദേശി അശോകന്റേതാണ് സൊസൈറ്റിയെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. അതേ സമയം സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്ന ബന്ധം മാത്രമേ തനിക്കുള്ളൂവെന്നാണ് വിഎസ് ശിവകുമാറിന്റെ വാദം.

ജനപ്രതിനിധി എന്ന നിലയിലാണ് താന്‍ അന്ന് സംസാരിച്ചത്. തനിക്ക് ബാങ്കുമായി ഒരു ബന്ധവുമില്ല. മാനവും മര്യാദയ്ക്കും കഴിയുന്ന തന്റെ വീട്ടിലേക്ക് ഒരു കൂട്ടം ആളുകളെത്തി ബഹളം വയ്ക്കുകയായിരുന്നു. പൊലീസിനെ വിളിച്ച് വരുത്തിയത് താനാണ്. നിക്ഷേപകരെ വീടിന് മുന്നിലെത്തിച്ചതിന് പിന്നില്‍ ചില തത്പര കക്ഷികളുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. തന്നെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും സര്‍ക്കാര്‍ ഇടപെട്ട് പണം തിരികെ നല്‍കണമെന്നും ശിവകുമാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തോടെയാണ് സംസ്ഥാനത്തുള്ള സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202 സംഘങ്ങളിലും ഭരണം യുഡിഎഫിനാണ്. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന 63 സംഘങ്ങളിലും ബിജെപി ഭരിക്കുന്ന ഏഴ് സംഘങ്ങളിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്.