നെന്മാറയിലെ ഇരട്ടകൊലപാതകത്തിന്റെ കാരണം പൊലീസിന്റെ സുരക്ഷാ വീഴ്ചയെന്ന് ആരോപണം; സുരക്ഷ ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ

പാലക്കാട് നെന്മാറയിലെ ഇരട്ടകൊലപാതകത്തിന്റെ കാരണം പൊലീസിന്റെ സുരക്ഷാ വീഴ്ചയെന്ന് ആരോപണം. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് മാസം മുൻപ് പുറത്തിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമരൻ അമ്മയെയും മകനെയും കൊലപ്പെടുത്തുമെന്ന് അറിയാമായിരുന്നുവെന്നും തുടർന്ന് പൊലീസിൽ പ്രൊട്ടക്ഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ ഒരു നടപടിയും പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.

പട്ടാപകലാണ് കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ചെന്താമരൻ നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട് ചെന്താമരൻ ജയിലിൽ കഴിഞ്ഞിരുന്നത്. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ചെന്താമരൻ ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി അമ്മയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നു.