വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിച്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധത്തില്‍ കോണ്‍ഗ്രസും. ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി, എസ്‌ഐഒ എന്നിവ നടത്തുന്ന സമരത്തില്‍ എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണാണ് പങ്കെടുക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് തള്ളി പറഞ്ഞിരിക്കുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രധാന ചുമതലയിലുള്ള നേതാവ് അവരുടെ പ്രതിഷേധത്തില്‍ ഭാഗമാകുന്നത്.
വഖഫ് ഭേദഗതിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്ഐഒ ഭാരവാഹികള്‍ വ്യക്തമാക്കി. മൂന്നു ഭാഗങ്ങളില്‍നിന്ന് പ്രകടനമായെത്തി വൈകീട്ട് മൂന്നുമുതല്‍ വിമാനത്താവള ജങ്ഷന്‍ ഉപരോധിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപരോധത്തിനിടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ലന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇന്നു രാവിലെ മുതല്‍ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസിനെയും സിആര്‍പിഎഫുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
10,000 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ വൈകീട്ട് മൂന്നിന് കൊളത്തൂര്‍ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേസമയം പ്രകടനമായി വന്നു നുഅമാന്‍ ജംഗ്ഷനില്‍ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഇസ്മാഈല്‍, എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് എന്നിവര്‍ അറിയിച്ചു.
അന്നേ ദിവസം വിമാന യാത്ര തീരുമാനിച്ചവര്‍ ഉച്ചക്ക് 2.30നു മുമ്പ് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഉപരോധം ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് മലിക് മുഅതസിം ഖാന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണ്‍, സിഐഎസ്ആര്‍എസ് ഡയറക്ടര്‍ ഫാദര്‍ വൈ.ടി വിനയരാജ്, സാമൂഹിക പ്രവര്‍ത്തകന്‍ കെ. അംബുജാക്ഷന്‍, സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്‌ഐഒ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് എന്നിവര്‍ പങ്കെടുക്കും.
പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read more
ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്രം തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. 16 ആം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.