ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായമെത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ ജോജു ജോർജ് 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ്.
മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. നേരത്തെ ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും നൽകിയിരുന്നു.
കൂടാതെ തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപയും ബോളിവുഡ് താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.
ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി, കല്ല്യാൺ ജുവലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവർ 5 കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും 5 കോടി വീതം സംഭാവന നൽകിയിരുന്നു.
അതേസമയം 215 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയെന്നും 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 148 മൃതദേഹങ്ങൾ കണ്ടെത്തി ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. അതേസമയം റഡാർ സംവിധാനം ഉടനെത്തുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.