കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ വധക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. കേസിൽ മുഖ്യ പ്രതിയായ ജോളിയെ പൊന്നാമറ്റം വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. അതിനിടെ ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ കൊല്ലാൻ നേരത്തെയും ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്നതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു.
2014 ഒക്ടോബറിൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സിലിയെ ചികിത്സിച്ചതിന്‍റെ വിവരങ്ങളാണ് വടകര തീരദേശ പൊലീസിന് ലഭിച്ചത്. അരിഷ്ടം കുടിച്ച് കുഴഞ്ഞ് വീണതിനെ തുടർന്നാണ് സിലിയെ ആശുപത്രിയിലെത്തിച്ചതെന്ന് രേഖകളിലുണ്ട്. എന്നാൽ സിലിയുടെ ഉള്ളിൽ വിഷാംശമുണ്ടെന്ന് പരിശോധിച്ച ഡോക്ടർ കുറിച്ചിട്ടുണ്ട്. സിലി കുടിച്ച അരിഷ്ടത്തിന്റെ ബാക്കി കൊണ്ടു വരാൻ ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കുപ്പിയിൽ വിഷം ചേരാത്ത മരുന്നാണ് ജോളി ആശുപത്രിയിലെത്തിച്ചത്.
Read more
തുടർന്നുള്ള പരിശോധനയിൽ രണ്ടാമത് കൊണ്ടുവന്ന അരിഷ്ടത്തിൽ വിഷാംശം കണ്ടെത്താനായില്ല. അരിഷ്ടത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നുവെന്നും ജോളി സമ്മതിച്ചിട്ടുണ്ട്. സിലിയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമമായിരുന്നു ഇതെന്നാണ് ജോളി നൽകിയിരിക്കുന്ന മൊഴി. ഈ കേസില്‍ സിലിയെ പരിശോധിച്ച ഡോക്ടറിൽ നിന്നും വിശദമായ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.