തുറന്ന ജീപ്പില്‍ പാഞ്ഞ് അപകടമുണ്ടാക്കി; കലിപ്പ് കാണിച്ചത് ഇടപെട്ട നാട്ടുകാരോട്; പ്രദേശവാസികള്‍ വാഹനം കനാലില്‍ തള്ളിയിട്ടു

കോതമംഗലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ തുറന്ന ജീപ്പ് നാട്ടുകാര്‍ കനാലില്‍ തള്ളിയിട്ടു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം നടന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ കറങ്ങി നടന്ന വാഹനം തട്ടിയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് അപകടം സംഭവിച്ചത്. ഇന്ദിരാഗാന്ധി കോളേജ് ദിനാഘോഷത്തോടനുബന്ധിച്ച് എട്ട് വിദ്യാര്‍ത്ഥികളാണ് പകല്‍ സമയം മുഴുവന്‍ കോളേജിന് സമീപത്തും കനാല്‍ബണ്ട് റോഡുകളിലും തുറന്ന ജീപ്പില്‍ കറങ്ങിയത്.

പലതവണ അതിവേഗത്തില്‍ കറങ്ങിയ ജീപ്പ് നാട്ടുകാരില്‍ എതിര്‍പ്പുളവാക്കിയിരുന്നു. വൈകുന്നേരം ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ പ്രകോപിതരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം തുടരുന്ന സമയത്ത് കുറച്ച് പേര്‍ ചേര്‍ന്ന് ജീപ്പ് തള്ളി കനാലിലിട്ടു.

അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് ജീപ്പ് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. അപകടം സൃഷ്ടിച്ചവരെ പിടികൂടിയ ശേഷം ജീപ്പ് കരയ്‌ക്കെടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

ഇതേ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും പൊലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് രാത്രിയോടെ ജീപ്പ് കരയ്‌ക്കെത്തിച്ചു. അറസ്റ്റിലായവരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. ജീപ്പിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.