ഇ ബാലാനന്ദന്‍ തൊഴിലാളികള്‍ക്കിടയില്‍നിന്നുയര്‍ന്ന അതുല്യ വിപ്ലവപ്രതിഭയായിരുന്നുവെന്ന് സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ള. ബാലാനന്ദന്റെ ജന്മശതാബ്ദിയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. തളരാതെ, അധീരനാകാതെ, നിസ്വവര്‍ഗ്ഗത്തിന്റെ മോചനത്തിനു വേണ്ടി പടയാളികളെ സൃഷ്ടിക്കുന്ന തിരക്കില്‍ നിന്നുമാണ് സ്വാമി വിടവാങ്ങിയത്. നടന്നു തീര്‍ത്ത വഴികള്‍ വരച്ചു കാട്ടി നമ്മെക്കടന്നു പോയ ആ പോരാളി, തുടര്‍ന്നുള്ള വഴികള്‍ നമുക്ക് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ജീവിതാവസാനം വരെ ഇ. ബാലാനന്ദന്റെ സ്മരണകള്‍ വെളിച്ചമാകുമെന്നാണ് എന്റെ പ്രതീക്ഷ. അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഓരോ തൊഴിലാളി പ്രവര്‍ത്തകന്റെയും വികാരം ഇതു തന്നെയാവുമെന്ന് താന്‍ കരുതുന്നുവെന്ന്
2011 ല്‍ ഇ ബാലാനന്ദന്‍ സ്മരണികയില്‍ എഴുതിയ സ്മരണ കുറിപ്പ് വീണ്ടും പങ്കുവെച്ച് കെ ചന്ദ്രന്‍ പിള്ള പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഇ ബാലാനന്ദന്‍
തൊഴിലാളികള്‍ക്കിടയില്‍നിന്നുയര്‍ന്ന അതുല്യ വിപ്ലവപ്രതിഭ
കെ. ചന്ദ്രന്‍പിള്ള
സഖാവ്. ഇ. ബാലാനന്ദനെ ഞാന്‍ ആദ്യമായി കാണുന്നത് 1972 ലാണ്. എഫ്.എ.സി.റ്റി യിലെ ചരിത്രപ്രസിദ്ധമായ അമ്പത്തൊന്ന് ദിവസം നീണ്ടു നിന്ന പണിമുടക്ക് നിര്‍ണ്ണായകഘട്ടത്തില്‍, വ്യവസായ മേഖലയാകെ ഇളകി മറിയുന്നു. എവിടെ നോക്കിയാലും സി.ആര്‍.പി ജവാന്‍മാര്‍. അന്യനാട്ടുകാരായ പോലീസുകാരുടെ ബാരക്കുകള്‍. സംഘര്‍ഷ നിര്‍ഭരവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷം. തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍. കൂടു തല്‍ കൂടുതല്‍ സമരസഹായ സമിതികള്‍. ശ്രീ സി അച്യുതമേനോന്‍ മുഖ്യമന്ത്രി, കെ കരുണാകരന്‍ ആഭ്യന്തര മന്ത്രി.
ശ്രീ കെ കരുണാകരന്‍ വിളിച്ചു ചേര്‍ത്ത തൃശൂര്‍ രാമനിലയം കോണ്‍ഫറന്‍സ് തെറ്റിപ്പിരിഞ്ഞു. ഫാക്ട് എംപ്ലോയീസ് അസോസി യേഷനും, സി.ഐ.ടി.യു, എച്ച്.എം എസ് യൂണിയനുകളും പണിമുടക്ക് തുടരാന്‍ തീരുമാനിച്ചു. പിറ്റെദിവസം രാവിലെ ഫാക്ടറി ഗേറ്റ് യുദ്ധക്കളമായി. തൊഴിലാളികളുടെ പ്രിയങ്കരന്‍ കെ.എന്‍ രവീന്ദ്ര നാഥിനെ പോലീസ് തല്ലിച്ചതച്ചു. കാട്ടുതീ പോലെ പടര്‍ന്ന ഈ വാര്‍ത്തയറിഞ്ഞ് മറ്റു കമ്പനികളിലെ തൊഴിലാളികളും ഫാക്ടറികള്‍ വിട്ട് എഫ്.എ.സി.റ്റി കവലയിലേക്ക് പാഞ്ഞെത്താന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടി. സായുധപ്പോലിസും എന്തിനും തയ്യാറായ തൊഴിലാളികളും മുഖാമുഖം. വെടിവയ്പ്പും കൂട്ടമരണവും ഏതു നിമിഷവും സംഭവിക്കാവുന്ന സന്ദര്‍ഭം. അവിടെ അക്ഷോഭ്യനായി തൊഴിലാളികളുടെ പട്ടാളത്തിന്റെ കമാന്‍ഡറായി ഇ ബാലാനന്ദന്‍. അന്നാണ് ഞാന്‍ അദ്ദേഹത്തെ ആദ്യ മായി കണ്ടത്. എസ്.സി.എസ്. മേനോന്‍ സാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, ഞാ നന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ആ ഓര്‍മ്മ ഒരിക്കലും മായില്ല.
അന്നു മുതല്‍ എന്റെ മനസ്സ് ആരാധന യോടെയാണ് സാമിയെ (സ. ബാലാനന്ദനെ ) നോക്കി കണ്ടിരുന്നത്. ഏലൂര്‍, ആലുവ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയന്‍ രംഗം കുട്ടിക്കാലം മുതലേ എന്റെ ആവേശമായിരുന്നു. ഒരു തൊഴിലാളിയുടെ മകനായി ജനിച്ചതും, തൊഴിലാളികളുടെ കോളനിയില്‍ വളര്‍ന്നതും അതിന്‍ കാരണമാകാം.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ (1975-79) ചില സന്ദര്‍ഭങ്ങളിലും അടിയന്തിരാവസ്ഥയ്ക്ക് ശേഷം തുടര്‍ച്ചയായും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്കു കഴിഞ്ഞു. പ്രശ്നസങ്കീര്‍ണ്ണവും കലുഷിതവുമായ വ്യവസായ മേഖലയുടെ ആദ്യനാളുകള്‍ മുതല്‍ തന്നെ സ്വാമി ഒരു കര്‍മ്മയോഗിയെപ്പോലെ ഒരു തൊഴിലാളിയായി തൊഴിലാളികള്‍ക്കൊപ്പം ജീവിച്ചു. പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്ന, വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി ആരെയും ആകര്‍ഷിച്ചിരുന്നു. സഖാവ് ഇ. ബാലാനന്ദനെ തങ്ങളിലൊരാളായി കാണാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ച ഘടകം അദ്ദേഹം ജീവിതാവസാനം വരെ പ്രകടിപ്പിച്ച ലാളിത്യമായിരുന്നു. കാര്യങ്ങള്‍ പഠിക്കുന്നതിനും ഗ്രഹിക്കുന്നതിനും അദ്ദേഹം പുലര്‍ത്തിയ ജാഗ്രത അനിതരസാധാരണമായിരുന്നു. കേവല വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിട്ടുള്ള സ്വാമി എത്ര അനായാസമായി വൈദ്യുതി, പരിസ്ഥിതി, ഇതര ശാസ്ത്ര വിഷയങ്ങള്‍, ജലവിഭവം നേരിടുന്ന വെ ല്ലുവിളി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു എന്ന് ഓര്‍മ്മിക്കുക.
ഇത് ആരിലും അസൂയ ജനിപ്പിക്കുന്ന അപൂര്‍വ്വതയായിരുന്നു. ഏതു നിലവാരത്തിലുള്ള ബ്യൂറോക്രാറ്റുകളുമായും ഇന്‍ഷ്വറന്‍സ്, ബാങ്ക് മാനേജ്മെന്റുകളുമായും തൊഴിലാളികള്‍ക്കും നാടിനും വേണ്ടി വിനയാന്വിതമായി എന്നാല്‍ ആജ്ഞാശക്തിയോടെയും ഇടപെടുവാന്‍ സ്വാമിയെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പാണ്ഡിത്യവുമാണ്.
ഒളിവു ജീവിതകാലത്ത് കഠിനപ്രയത്‌നത്തിലൂടെ സ്വായത്തമാക്കിയ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം ഇത്ര ആകര്‍ഷകമായ വിധം തൊഴിലാളിവര്‍ഗ്ഗ വിപ്ലവ പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ച മറ്റൊരാളെക്കുറിച്ച് എനിക്ക് പറയാനാവില്ല. ധൈഷണിക ലോകവും, രാഷ്ട്രിയ പ്രതിയോഗികളും വ്യവസായ മാനേജുമെന്റുകളും സഖാവ്. ഇ ബാലാനന്ദന്റെ അതുല്യ മായ നേത്യത്വശേഷിയെ അംഗീകരിച്ചാദരിച്ചി രുന്നു.
കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലുള്ള എ ഫ്.എ.സിറ്റിയുടെ രണ്ടു അമോണിയ ടാങ്കുകളും പൊളിച്ചു മാറ്റണമെന്ന് കേരള ഹൈക്കോടതി 1994 ഏപ്രിലില്‍ വിധിച്ചു. മേലുകീഴു നോക്കാതെ മാനേജ്മെന്റ് കോടതി വിധി നടപ്പാക്കാന്‍ പുറപ്പെട്ടു. വിധി നടപ്പാക്കിയാല്‍ കമ്പനി പൂട്ടലാണ് ഫലം. ഈ ഘട്ടത്തില്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തത് യുക്തിരഹിതവും അപ്രായോഗികവുമായ ഉത്തരവിറക്കിയ കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനാണ്. വിധി നടപ്പാക്കാനുള്ള സാങ്കേതിക വാദങ്ങളുമായി കമ്പനിയും രംഗത്തെത്തി. ഇതുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. കോടതിയിലേക്ക് മാര്‍ച്ച് ചെയ്യാമോ? കോടതിക്കെതിരെ മുദ്രാവാക്യം വിളിക്കാമോ? പ്രകോപനമാവില്ലേ?… എന്നിങ്ങനെ.
മുദ്രാവാക്യം മുഴക്കാതെ ഹൈക്കോടതിയിലേക്ക് ജാഥ നടത്താമെന്ന് ഒരു നിര്‍ദ്ദേശം. അപ്പോഴും തര്‍ക്കം. മുദ്രാവാക്യം വിളിക്കാതെ പ്രകടനം നടത്തുന്നത് തൊഴിലാളികളുടെ സമരോല്‍സുകതയ്ക്ക് (മിലിറ്റന്‍സി) പറ്റിയതല്ലെന്നായി മറ്റൊരു പ്രബലവാദം. അന്ന് സ്വാമി ഡല്‍ഹിയിലാണ്. തൊഴിലാളികളുടെ ആവേശം കെടുത്താതെ കോടതിയ്ക്കു കാര്യങ്ങള്‍ ബോധ്യമാകും വിധത്തില്‍, മുദ്രാവാക്യം മുഴക്കാതെ ജാഥയായി പോകാമെന്നും പ്രകടനം മാറ്റി വെയ്‌ക്കേണ്ടെന്നും സ്വാമിയുടെ സൂചിന്തിമായ തീരുമാനം വന്നു. ഏതു കാര്യത്തിനും ഒരു മറുപടി അദ്ദേഹത്തിനുണ്ടായിരുന്നു. അത് എപ്പോഴും പ്രായോഗികമായ യുക്തിപൂര്‍വമായ മറുപടി ആയിരുന്നു.
കാപ്രലാക്ടത്തിന്റെ ഇറക്കുമതി തീരുവ 1992-93 ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു. അതിനെതിരെ ശക്തമായ പ്ര ക്ഷോഭം ഉയര്‍ന്നു വന്നു. പ്രശ്‌നത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളുമായി സേവ് ഫാക്ട് ആ ക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ ചര്‍ച്ച ചെയ്യു ന്ന സന്ദര്‍ഭം. ഇറക്കുമതി തീരുവ കുറയക്കേണ്ടതിന്റെ ആവശ്യം വിശദീകരിച്ച തൊഴിലാളി നേതാവിനോട് ഒരു പാര്‍ലമെന്റംഗം കയര്‍ത്തു. സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. ഈ സമയം പൊട്ടിത്തെറിച്ചു കൊണ്ട് അവിടെയുണ്ടായിരുന്ന ഇ ബാലാനന്ദന്‍ ഇടപ്പെട്ടു. ആ രംഗം മറക്കാനാവില്ല. ജനപക്ഷത്തു നിന്ന് വാദിക്കേണ്ട എം.പി മാര്‍ തൊഴിലാളിവിരുദ്ധ പക്ഷത്തു നില്‍ക്കുന്നതു ആരെയാണു സഹായിക്കുകയെന്ന സ്വാമിയുടെ ചോദ്യത്തോടെ ആ എം.പി തന്റെ വാദം നിര്‍ത്തി സ്വാമിയോട് യോജിച്ച് പിന്‍വാങ്ങി.
സഖാവ് ഇ. ബാലാനന്ദന്‍ അടിസ്ഥാനപരമായി ഒരു തൊഴിലാളിയായിരുന്നു. തൊഴിലാളിയായിരുന്ന ഒരാള്‍ സി പി ഐ (എം) പോളിറ്റ് ബ്യൂറോയില്‍ എത്തുന്നത് സ്വാമിയി ലൂടെയായിരുന്നു. തൊഴിലാളികളായ കേ ഡര്‍മാരെ ഉയര്‍ത്തി കൊണ്ടു വരണമെന്ന കാ ര്യത്തില്‍ അദ്ദേഹം സദാ ജാഗ്രതയുള്ളയാ ളായിരുന്നു.
Read more
യുവാക്കളായ കേഡര്‍മാരെ പ്ര സംഗവേദിയില്‍ നിന്ന് പേരെടുത്ത് വിളിച്ചു സംസാരിക്കുന്നതിനുള്ള ആര്‍ജ്ജവം സ്വാമി എന്നും കാണിച്ചിരുന്നത് എത്ര ആവേശകര മായ ഓര്‍മ്മയാണ്
തളരാതെ, അധീരനാകാതെ, നിസ്വവര്‍ഗ്ഗത്തിന്റെ മോചനത്തിനു വേണ്ടി പടയാളികളെ സൃഷ്ടിക്കുന്ന തിരക്കില്‍ നിന്നുമാണ് സ്വാമി വിടവാങ്ങിയത്. നടന്നു തീര്‍ത്ത വഴികള്‍ വരച്ചു കാട്ടി നമ്മെക്കടന്നു പോയ ആ പോരാളി, തുടര്‍ന്നുള്ള വഴികള്‍ നമുക്ക് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ജീവിതാവസാനം വരെ സഖാവ്. ഇ. ബാലാനന്ദന്റെ സ്മരണകള്‍ വെളിച്ചമാകുമെന്നാണ് എന്റെ പ്രതീക്ഷ. അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഓരോ തൊഴിലാളി പ്രവര്‍ത്തകന്റെയും വികാരം ഇതു തന്നെയാവുമെന്ന് ഞാന്‍ കരുതുന്നു.