എന്റെ ആത്മകഥ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചില്ല; ഇത്തരം പ്രവൃത്തിയോട് യോജിക്കുന്നില്ല; തുറന്നടിച്ച് കെകെ ശൈലജ

കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ തന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ എംഎല്‍എ. സിലബസില്‍ എന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. ഇത്തരം ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ല. ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ശൈലജ പറഞ്ഞു.

സംഭവം വിവാദമായതോടെ ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്ന് അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു. പുസ്തകം ഉള്‍പ്പെടുത്തിയതിലൂടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസിലാണ് ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്.

സിലബസില്‍ പോലും രാഷ്ട്രീയവല്‍ക്കരണം നടത്താന്‍ വൈസ് ചാന്‍സലര്‍ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പുകളില്‍ തിരുകിക്കയറ്റാന്‍ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാന്‍സലറുടെ രാഷ്രീയവല്‍ക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിതെന്ന് കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വ്യക്തമാക്കി.