ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നിലെ കെ മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക് പുറപ്പെടും. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വികെ ശ്രീകണ്ഠന്‍ ഇന്നലെ കെ മുരളീധരനെ വീട്ടിലെത്തി കണ്ടിരുന്നു. തൃശൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ശ്രീകണ്ഠന്റെ പ്രതികരണം.
മുരളീധരനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്നാണ് സൂചന. എന്നാൽ എംപി ക്വാർട്ടേഴ്സ് ഒഴിയാൻ എന്നാണ് യാത്രയെ കുറിച്ച് നൽകുന്ന വിശദീകരണം. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.
Read more
അതേസമയം തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റർ ക്യാംപയിൻ നടന്നു. കെപിസിസി- ഡിസിസി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. മുരളീധരൻ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം.