സര്‍ക്കാരിന് ദുരുദ്ദേശമില്ല; ശബരിമലയിലെ വിവാദ കൈപ്പുസ്തകം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍

കേരള പൊലീസിന് ശബരിമലയില്‍ നല്‍കിയ പൊതു നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ചില നിര്‍ദേശങ്ങള്‍ വിവാദമായതോടെയാണ് തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസുകാര്‍ക്ക് നല്‍കിയ കൈപ്പുസ്തകത്തിലാണ് സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നായിരുന്നു കൈപ്പുസ്തകത്തിലെ പരാമര്‍ശം.

ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞാണ് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് ഇത്രയും സജീവമായ ഭക്തജന തിരക്ക് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. വെര്‍ച്വല്‍ ക്യൂ പരിശോധനയ്ക്ക് പമ്പയിലും സ്‌പോട്ട് ബുക്കിങ്ങിന് നിലയ്ക്കലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.