ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം വിജയന്റെ കുടുംബത്തെ ഇന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സന്ദർശിക്കും. വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്റെ സന്ദർശനം എന്നാണ് റിപ്പോർട്ട്. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതിനിടെയാണ് ഇന്ന് കെ സുധാകരൻ എൻ എം വിജയന്റെ വീട്ടിലെത്തുന്നത് എന്നതാണ് ശ്രദ്ധേയം.
Read more
സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ച് എൻ.എം വിജയൻ നേരത്തെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കത്തയച്ചിരുന്നു. സുധാകരൻ ജില്ലയിലെത്തുന്ന ദിവസവും ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരും. എൻ.ഡി അപ്പച്ചനെ ഇന്നലെ കൽപറ്റയിലെ ഡിസിസി ഓഫീസിലെത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വിജയന്റെ ഒപ്പും കൈയ്യക്ഷരവും ഒത്തു നോക്കി ഓഫീസിലെ രേഖകൾ പരിശോധന നടത്തിയെന്നാണ് വിവരം.