ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചു; ബിയര്‍ ബോട്ടില്‍ വെച്ച് തല അടിച്ചു പൊട്ടിച്ചു; കേസെടുത്ത് പൊലീസ്

മാസങ്ങള്‍ക്ക് മുമ്പ് ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തല ബിയര്‍ ബോട്ടില്‍ വെച്ച് അടിച്ചു പൊട്ടിച്ചു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ്(ഇഡ്ഡലി) ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിന്റെ തല അടിച്ചുപൊട്ടിച്ചത്.

കഴിഞ്ഞ മാസം 29ന് ഒരു വിവാഹസത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടര്‍ന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. ശരണ്‍ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു.

ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നേരത്തെ രംഗത്തെത്തിയിരുന്നു.

ഇയാള്‍ നിലവില്‍ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ആര്‍എസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരണ്‍ ചന്ദ്രന്‍ പ്രതിയായത്. ആ പ്രസ്ഥാനം അവരെ ക്രിമിനലുകളായി ഉപയോഗിക്കുകയാണെന്നു മനസ്സിലായപ്പോഴാണ് അവര്‍ അത് ഉപേക്ഷിച്ചത്. ശരണ്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു.

ശരണ്‍ ഇപ്പോള്‍ കാപ്പ കേസില്‍ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവില്‍ മാത്രം ഉള്ളതാണ്. 6 മാസം കഴിയുന്നതോടെ അത് തീര്‍ന്നു. കാപ്പ ചുമത്തിയാല്‍ അത് ജീവിതകാലം മുഴുവന്‍ അങ്ങനെ മുദ്രുകുത്താനുള്ളതല്ല. സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും രാഷ്ട്രീയ കേസുകളില്‍ പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ന്യായീകരിച്ചു.