കത്വവ ഫണ്ട് തിരിമറി; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐയ്ക്ക് സസ്‌പെന്‍ഷന്‍; സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് പികെ ഫിറോസ്

കത്വവ ഫണ്ട് തിരിമറി അന്വേഷിച്ച കോഴിക്കോട് കുന്നമംഗലം സിഐയ്ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സിഐ യൂസഫ് നടുത്തറേമ്മല്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കത്വവ ഫണ്ട് തിരിമറി കേസില്‍ ആരോപണം നേരിട്ട യൂത്ത് ലീഗ് നേതാക്കള്‍ക്ക് സിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അതേ സമയം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ് സിഐയ്‌ക്കെതിരെയുള്ള നടപടിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പ്രതികരിച്ചു. കത്വവ ഫണ്ട് തിരിമറി ആരോപണത്തില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്ന് സിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read more

കൃത്യമായി അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവര്‍ക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് തെളിവില്ലെന്ന് സിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. യൂത്ത് ലീഗ് മുന്‍ ദേശീയ കമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് കേസില്‍ പരാതിക്കാരന്‍.