സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരള കാര്‍ഷിക സര്‍വകലാശാല; ഭൂമി പണയപ്പെടുത്തി കടമെടുക്കാന്‍ ഭരണസമിതി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഭൂമി പണയപ്പെടുത്തി കടമെടുക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയതോടെ സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതേ തുടര്‍ന്ന് 40 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന വിഹിതം മൂന്ന് വര്‍ഷമായി ഉയര്‍ത്താതിരിക്കുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

സര്‍വകലാശാലയുടെ ഭൂമി കേരള ബാങ്കിലോ ദേശസാല്‍കൃത ബാങ്കുകളിലോ പണയപ്പെടുത്തി കടമെടുക്കാനാണ് സര്‍വകലാശാല ആലോചിക്കുന്നത്. മൂന്ന് വര്‍ഷമായി 408 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്. സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്ന വിഹിതം എല്ലാ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നതാണ് രീതി. എന്നാല്‍ മൂന്ന് വര്‍ഷമായി തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സര്‍വകലാശാലയ്ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ഭൂമി പണയപ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍ കടമെടുക്കുന്ന തുക സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പൂര്‍ണ്ണമായും പരിഹാരമല്ല. ശമ്പളത്തിനായി മാസം വേണ്ടത് 33 േകാടി രൂപയാണ്. എന്നാല്‍ സര്‍വകലാശാലയുടെ മാസമുള്ള വരുമാനം 1.68 കോടി രൂപയും.

Read more

സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ പുതിയ കോഴ്‌സുകളില്‍ ചേരുന്ന എന്‍ആര്‍ഐ, ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളില്‍നിന്ന് വലിയ തോതില്‍ റീഫണ്ടബിള്‍ കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.