മിതമായ നിരക്കില്‍ മികച്ച പരിശീലനം; ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും; കേരള ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നു

കെ. എസ്. ആര്‍. ടി. സിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ. എസ്. ആര്‍. ടി. സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കി.

മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ. എസ്. ആര്‍. ടി. സിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും.

Read more

ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.