ഗവര്‍ണര്‍ക്ക് എതിരെ കേരള സര്‍വകലാശാല സെനറ്റ്; സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയം പാസാക്കി

ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ് . ചാന്‍സലര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയമാണ് സെനറ്റ് യോഗം പാസാക്കിയത്. 50 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് എതിര്‍ത്തത്. കഴിഞ്ഞ യോഗത്തില്‍ പാസാക്കിയത് പ്രമേയമല്ലെന്ന് ഇടത് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ക്കെതിരെ പാസാക്കിയ പ്രമേയം പുനപ്പരിശോധിക്കുന്നതിനായാണ് പ്രത്യേക യോഗം ചേര്‍ന്നത്. ഗവര്‍ണര്‍ ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ആഗസ്റ്റില്‍ ചേര്‍ന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയത്. രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളിച്ചു രൂപീകരിച്ച കമ്മിറ്റി റദ്ദാക്കണമെന്ന ആവശ്യം പ്രമേയത്തില്‍ ഉന്നയിച്ചിരുന്നു.

ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പതിനൊന്നാം തീയതി ചേര്‍ന്ന സെനറ്റ് യോഗം ഇടത് അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ സെനറ്റ് പ്രമേയം പിന്‍വലിക്കുന്നത് ഗവര്‍ണര്‍ക്കു കീഴടങ്ങുന്നതിനു തുല്യമാണെന്ന വാദം ശക്തമായിരുന്നു. ഇതു രാഷ്ട്രീയമായി സിപിഎമ്മിനു ദോഷം ചെയ്യുമെന്നും വിലയിരുത്തലുണ്ടായി.

അതിനിടെ, ഇന്നു ചേരുന്ന പ്രത്യേക സെനറ്റ് യോഗം വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്ന സേര്‍ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗത്തിന്റെ അജന്‍ഡയില്‍ ഈ വിഷയമുണ്ടായിരുന്നില്ല.