പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു കോഴിക്കോട് പയ്യോളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗോപികയെയും സഹോദരി ജ്യോതികയെയും പിതാവ് വിഷം നല്‍കി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗോപിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും അന്ന് പറഞ്ഞിരുന്നു.

പഠനത്തില്‍ മാത്രമായിരുന്നില്ല ഗോപികയുടെ മികവ്. നന്നായി പാടിയിരുന്ന ഗോപിക സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തിരുന്നു. സംസ്ഥാന കലോത്സവത്തില്‍ ഗോപികയും സഹപാഠികളും സംഘഗാനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗോപികയുടെ റിസള്‍ട്ട് കണ്ടവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പയ്യോളി ടിഎസ്ജിവിഎച്ച്എസിലാണ് ഗോപിക പഠിച്ചിരുന്നത്.

ഒന്‍പത് എ പ്ലസും ഒരു എയുമാണ് ഗോപികയുടെ എസ്എസ്എല്‍സി റിസള്‍ട്ട്. ഗോപികയെയും അനുജത്തിയെയും പിതാവ് സുമേഷ് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടികളുടെ മാതാവ് നാല് വര്‍ഷം മുന്‍പ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. വിദേശത്ത് ജോലി നോക്കിയിരുന്ന സുമേഷ് ഭാര്യയുടെ മരണ ശേഷം തിരികെ പോയിരുന്നില്ല. സാമ്പത്തിക ബാധ്യതകളൊന്നും കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും അറിയിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗോപികയുടെ സഹോദരി.