കിഴക്കമ്പലത്തെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്സിന്: കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍

എറണാകുളം കിഴക്കമ്പലത്തെ അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്‌സ് മാനേജ്‌മെന്റിന് ആണെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍. നേരത്തെയും അക്രമമുണ്ടായിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.

കിറ്റക്‌സ് മാനേജ്‌മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്‌നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടു. സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കിറ്റക്സിലെ ജീവനക്കാര്‍ മാറിയിരിക്കുന്നു. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മളാരും എതിരല്ല. അവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞാണ് കൊണ്ടുവരുന്നത്. അതൊന്നും കൊടുക്കുന്നില്ല. അവര്‍ അത്രമാത്രം അസ്വസ്ഥരായിട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. നാട്ടുകാരെ അവര്‍ ശത്രുക്കളായാണ് കാണുന്നത്. അത്തരത്തിലുള്ള പരിശീലനമാണ് അവര്‍ക്ക് കൊടുക്കുന്നത് എന്ന് ശ്രീനിജന്‍ ആരോപിച്ചു.

കിറ്റക്‌സിലെ തൊഴിലാളികള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തെ പലതവണ പരാതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനക്ക് എത്തിയത്. അപ്പോൾ വേട്ടയാടുന്നു എന്നുപറഞ്ഞ് രക്ഷപ്പെടാനാണ് കിറ്റക്‌സ് മാനേജ്‌മെന്റ് ശ്രമിച്ചത്. കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചാരണവും മാനേജ്‌മെന്റ് നടത്തി. ഇതിനെ തുടര്‍ന്ന് അന്വേഷണങ്ങള്‍ തുടരാന്‍ സാധിച്ചില്ല.

ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ അക്രമം. അന്ന് ഇത് കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോൾ ഈ അക്രമം ഉണ്ടാകില്ലായിരുന്നു. കിഴക്കമ്പലത്തെ നാട്ടുകാര്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും പി.വി ശ്രീനിജന്‍ പറഞ്ഞു.