'മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതിന് കുടുംബം എന്ത് പിഴച്ചു?'; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി

ഹര്‍ത്താലിലെ നാശനഷ്ടത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണെന്നും മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയതിനു കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.

പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ കയറി ഇറങ്ങുന്നത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും പക്ഷപാതിത്വം കാണിക്കുന്നെന്നും ഷാജി പറഞ്ഞു.

പി കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം ഷാജി. പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ഷാജി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്.ഡി.പി.ഐയുടെ സമരപ്രഖ്യാപനസമ്മേളനത്തിലായിരുന്നു പിന്തുണ.

Read more

എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നല്‍കില്ല. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നും എം.കെ ഫൈസി പറഞ്ഞു.