കെ.എന്‍.എ ഖാദര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും; നടപടിക്ക് സാദ്ധ്യത

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കെഎന്‍എ ഖാദര്‍ ഇന്ന് മുസ്ലീം ലീഗിന് വിശദീകരണം നല്‍കിയേക്കും. പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ല മറിച്ച് സാംസ്‌കാരിക പരിപാടിയിലാണ് എന്ന നിലപാടിലാണ് കെ എന്‍ എ ഖാദര്‍.

അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ചാല്‍ ആവശ്യമായ നടപടി എടുക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലായിരുന്നു കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ഇത് വലിയ വിവാദത്തിന് വഴിതെളിച്ചതിന് പിന്നാലെയാണ് കെ.എന്‍.എ ഖാദര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിന്റെ പ്രതികരണം.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ വസതിയില്‍ നാളെ ചേരുന്ന അനൗദ്യോഗിക നേതൃയോഗത്തിന് ശേഷമായിരിക്കും പ്രതികരണം. തത്കാലം കടുത്ത നടപടി വേണ്ടെന്നാണ് നേതൃതലത്തില്‍ ധാരണ. സാംസ്‌കാരിക പരിപാടിയെന്ന വിശദീകരണത്തില്‍ ജാഗ്രതക്കുറവെന്ന നിലയില്‍ പരസ്യ ശാസന നല്‍കിയേക്കും.