നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല. 140ഓളം പരാതികളാണ് നിലവില്‍ വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് ലഭിച്ചിട്ടുള്ളത്. ലഭിച്ചിരിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടവയാണ്.
ലഭിച്ച പരാതികളില്‍ ഭേദഗതികള്‍ സംബന്ധിച്ചവയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് സബ്ജക്ട് കമ്മിറ്റിയില്‍ ഭേദഗതികള്‍ വരുത്തി സഭയ്ക്ക് മുന്നില്‍ വെയ്ക്കാനാണ് ആലോചന.
ഭേദഗതികള്‍ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ട്. ക്രൈസ്തവ സഭകളും കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ പ്രതിഷേധമുയര്‍ത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
Read more
ജനവികാരം കണക്കിലെടുത്താണ് സര്‍ക്കാര്‍ താല്‍ക്കാലികമായി ബില്ലില്‍ നിന്ന് പിന്‍മാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളില്‍ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ല്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല.