ഉപതിരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകാരം; അരൂരിലെ പരാജയത്തെ കുറിച്ച് പരിശോധിക്കുമെന്ന് കോടിയേരി

വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വിജയം ഇടതു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്‍പിച്ച സംഭവമാണ് അരൂരിലെ പരാജയം. അരൂരിലെ പരാജയത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി പ്രത്യേകമായി പരിശോധിക്കും.

വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫിന്റെ വി കെ പ്രശാന്തും കോന്നിയില്‍ അഡ്വ. കെ യു ജനീഷ് കുമാറുമാണ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയം നേടിയ മണ്ഡലങ്ങളിലാണ് രണ്ടിടത്താണ് ഇക്കുറി എല്‍ ഡി എഫിന് വിജയിക്കാനായത്. ഇതിനു മുമ്പു നടന്ന പാലാ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിച്ചു. പാലാ ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചു- കോടിയേരി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപം കൊണ്ടതിനു ശേഷം അവിടെ ഇടതുമുന്നണി വിജയിച്ചിരുന്നില്ല. കോന്നി മണ്ഡലം രൂപം കൊണ്ടതിനു ശേഷവും ഇടതുമുന്നണി വിജയിച്ചിരുന്നില്ല. എന്നാല്‍ ഇവിടങ്ങളില്‍ ഇത്തവണ വിജയിക്കാന്‍ സാധിച്ചു. പ്രതിപക്ഷം സ്വീകരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള, നശീകരണ സമീപനത്തിനെതിരായ ജനങ്ങളുടെ പ്രതികരമാണിതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ അടിത്തറ കേരളത്തില്‍ ശക്തമാണെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.