ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി വഹിച്ച വ്യത്യസ്ത റോളുകളെ കുറിച്ച് മനസുതുറന്ന് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ശ്രേയസ് അയ്യരുമൊത്തുളള ഒരു കൂട്ടുകെട്ടിനിടെ നടന്ന സംഭവമാണ് കോഹ്ലി തുറന്നുപറഞ്ഞത്. അന്ന് മത്സരത്തില്‍ ശ്രേയസ് അയ്യരാണ് കൂടുതല്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തത്. ഈ സമയത്ത് സഹകളിക്കാരന് വേണ്ട പിന്തുണ നല്‍കുകയായിരുന്നു കോഹ്ലി. അന്നത്തെ തീരുമാനം അത് ബാറ്റര്‍മാരുടെ അഹങ്കാരമല്ലെന്നും മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ചുളള നീക്കമായിട്ടാണ് കാണേണ്ടതെന്നും കോഹ്ലി പറഞ്ഞു.
ബൗളര്‍മാര്‍ക്കെതിരെ ഒരു ബാറ്റര്‍ താളം കണ്ടെത്തിയാല്‍ അയാള്‍ മത്സരത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ മുന്‍കൈയെടുക്കും. ചാമ്പ്യന്‍സ് ട്രോഫിയിലെ ഒരു മത്സരത്തില്‍ ശ്രേയസ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അത് ഒരിക്കലും അഹങ്കാരമായിരുന്നില്ല. ആ സമയത്ത് ഞാനാണ് താളത്തിലെങ്കില്‍ കളിയുടെ ഒഴുക്കില്‍ ഞാന്‍ സ്വാഭാവികമായും മുന്‍കൈ എടുത്തേനെ. മറിച്ച് എന്നെക്കാള്‍ മികച്ച മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവരും ഇത് തന്നെ ചെയ്യുമായിരുന്നു. ഞാന്‍ എപ്പോഴും അഭിമാനിക്കുന്ന കാര്യമാണത്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കോഹ്ലി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇത്തവണ ഇന്ത്യ നേടിയതില്‍ വലിയ പങ്കാണ് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും വഹിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രേയസ് അയ്യര്‍ ആവര്‍ത്തിച്ചു.