കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകിയെ വിലക്കിയ സംഭവം; തന്ത്രി പ്രതിനിധി രാജിവെച്ചു

തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ നര്‍ത്തകിയായ മന്‍സിയയെ വിലക്കിയതിന് പിന്നാലെ ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു. എന്‍.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്.

ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്. മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് സമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. നോട്ടീസിലടക്കം പേര് അച്ചടിച്ചിറക്കിയതിന് ശേഷമാണ് മന്‍സിയക്ക് അവസരം നിഷേധിച്ചത്.

അഹിന്ദു ആയതിനാലാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.
ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് പത്ര പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു എന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

അതേ സമയം മന്‍സിയക്ക് പിന്തുണയറിയിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും പേരില്‍ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവസരം നല്‍കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന് ഹിന്ദു ഐക്യവേദി നിവേദനം നല്‍കിയിട്ടുണ്ട്.