കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചെന്ന് ജോളി; ഷാജുവിനെ വിളിച്ച് വരുത്തി ക്രൈംബ്രാഞ്ച്

കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും താമരശ്ശേരി മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാറേയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ഭൂമിയിടപാടില്‍ ജോളിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണത്തിലാണ് മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ജോളി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. പയ്യോളിയിലെ ഡിവൈ.എസ്.പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.

കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം തനിക്കുണ്ടായിരുന്നതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അതേസമയം സഹായം നല്‍കിയ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരുകള്‍ പറയാന്‍ ജോളി തയ്യാറായിട്ടില്ല. ഷാജുവിനെ ചോദ്യംചെയ്യലിലൂടെ ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. ജോളിയുടെ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി നേരത്തെ പൊലീസ് ഒരു പട്ടിക തയ്യാറാക്കിയിരുന്നു.

Read more

ഇതിനിടെ കൊലപാതകങ്ങള്‍ക്കായി സയനൈഡിന് പുറമെ വേറെ വിഷവസ്തുക്കളും താന്‍ ഉപയോഗിച്ചിരുന്നതായി ജോളി മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏതെല്ലാം വിഷ വസ്തുക്കളാണ് ഇവര്‍ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2011-ല്‍ റോയ് തോമസിന്റെ മരണം അന്വേഷിച്ച കോടഞ്ചേരി എസ്.ഐ രാമുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമുണ്ണിയായിരുന്നു.