കൂടത്തായി കേസ്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസിന്റെ ഭാര്യ ജോളിയാണ് ഒന്നാം പ്രതി, റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു രണ്ടാംപ്രതിയും, താമരശ്ശേരിയിലെ സ്വര്‍ണപ്പണിക്കാരന്‍ പ്രജു കുമാര്‍, കട്ടാങ്ങലിലെ സിപിഐഎം മുന്‍ നേതാവ് മനോജ് എന്നിവര്‍ യഥാക്രമം മൂന്നും നാലും പ്രതികളാണ്. വളരെയധികം സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 8000 പേജുകളുള്ള സമഗ്രമായ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്.

Read more

സയനൈഡ് ശരീരത്തിനുള്ളില്‍ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിലെ മുഖ്യ തെളിവ്. കൂടാതെ കൊലപാതക കാരണത്തിലേക്ക് നയിച്ച വ്യാജ ഒസ്യത്താണ് കേസിലെ മറ്റൊരു തെളിവ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.