കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ റിമാൻഡ് ചെയ്തു, കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിച്ചേക്കും

പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും രാത്രി ഏറെ വൈകിയാണ് പ്രതികളെ താമശ്ശേരി മജിസ്ട്രേറ്റിന് മുമ്പാക്കെ ഹാജരാക്കിയത്. അറസ്റ്റിലായ ജോളി, ബന്ധു മാത്യു, മാത്യുവിന്റെ സഹായി പ്രജു കുമാർ എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. അടുത്ത പ്രവൃത്തി ദിവസമായ ബുധനാഴ്ച്ചയാണ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക. റിമാൻഡിലായ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒപ്പം അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഉണ്ടാകും.

Read more

റോയിയുടെ മരണത്തിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് അഞ്ചു പേരുടെ മരണത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. റീജയണൽ ഫോറൻസിക് ലാബിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച മാത്രമേ മറ്റ് അഞ്ചുപേരുടെ മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അതേസമയം നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് കൂടുതൽ പേരിൽ നിന്ന് സഹായം ലഭിച്ചോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്