കൊലകളുൾപ്പെടെ ജോളിയുടെ ക്രൂരതകൾ പലതിനും രണ്ടാം ഭർത്താവ് ഷാജു മൂകസാക്ഷിയാണെന്ന നിഗമനത്തിൽ അന്വേഷണസംഘം. ജാേളിയുടെ മൊഴികൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്. കൂടുതൽ വ്യക്തതയ്ക്ക് ഇന്നു ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഷാജുവിന്റെ അച്ഛൻ സക്കറിയയോടും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിൻെറയും ജോളിയുടെയും മൊഴികളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ട്. സിലിയെയും മകൾ ആൽഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുൾപ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക. ഞായറാഴ്ച എസ്.പി ഓഫിസിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ ഷാജുവിൻെറ വീട്ടിലെത്തിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുദ്ധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികൾ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.
Read more
ആദ്യ ചോദ്യംചെയ്യലിൽ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാൽ, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിെൻറ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാദ്ധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.