കോട്ടയം ഗാന്ധിനഗറില്‍ ഗവ.നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയായ സംഭവത്തില്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എ.ടി. സുലേഖ, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
അതിനിടെ, നഴ്സിങ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂര റാഗിങ് അരങ്ങേറിയ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുമായി ചര്‍ച്ചയും നടത്തി.
അതേസമയം, കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിംഗ് മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാഗിംഗ് അതിക്രൂരം, ഇത് സസ്പെന്‍ഷനില്‍ തീരില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്ന തരത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകും. ഡിഎംഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ പരമാവധി സ്വീകരിക്കാവുന്ന നടപടികള്‍ എടുക്കും. സസ്പെന്‍ഷനില്‍ തീരേണ്ട കാര്യമല്ലിത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കും. തെറ്റ് തെറ്റ് തന്നെയാണ്. അതിനെ മറ്റൊരു വിധത്തിലും കാണില്ല. നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read more
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്. മോണിറ്ററിംഗ് നടത്തും. പരാതി ലഭിച്ചില്ല എന്നുള്ളത് ഒരു കാരണമല്ല. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.