കോഴിക്കോട് ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടും

കോഴിക്കോട് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടുമെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു. കിലോക്ക് 200 രൂപക്ക് മുകളില്‍ ഇറച്ചി വില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഫാമുകളില്‍ നിന്ന് കോഴി ലഭിക്കുന്നത് ഉയര്‍ന്ന നിരക്കിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇന്ന് ജില്ലയിൽ കിലോയ്ക്ക് 220 രൂപയ്ക്കായിരുന്നു ഇറച്ചി വിറ്റിരുന്നത്. ഇതിനെതിരെ വലിയ പരാതി ഉയർന്നിരുന്നു. തുടർന്നാണ് 200 രൂപക്ക് മുകളില്‍ ഇറച്ചി വില്‍ക്കരുതെന്ന് ജില്ലാ ഭരണകൂടം വ്യാപാരികൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ തങ്ങൾക്ക് ഫാമുകളിൽ നിന്നും ചിക്കൻ ലഭിക്കുന്നത് ഉയർന്ന വിലയ്ക്കാണെന്നും. ഈ നിരക്കിലല്ലാതെ വില്പന നടത്തിയാൽ പ്രതിസന്ധിയിലാകുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്.