അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി അനില്‍കുമാര്‍. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ട പ്രകാരം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി പശ്ചാത്തലത്തില്‍ നടപടി പിന്‍വലിക്കണമെന്നും ഒരു സ്വകാര്യ ചാനിലിന് നല്‍കിയ പ്രതികരണത്തില്‍ അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഡിസിസി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമർശനം നടത്തിയതിനായിരുന്നു മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്.
പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അച്ചടക്ക നടപടി. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിക്കുകയായിരുന്നു.
Read more
വി.ഡി സതീശനും കെ. സുധാകരനും വാക്കുപാലിച്ചില്ലെന്നായിരുന്നു കെ.പി അനില്‍ കുമാറിന്റെ വിമർശനം. ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥായാണ് നിലവിലെന്ന് ആരോപിച്ച അനില്‍കുമാർ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും ചോദ്യം ചെയ്തിരുന്നു.