കെപിസിസി രാഷ്ട്രീയകാര്യ സമിതി; അംഗ സംഖ്യ 18ല്‍ നിന്ന് 36 ആയി; വിഎം സുധീരനും തരൂരും ഇടം നേടി

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് എഐസിസി. ഇതോടെ 18 അംഗങ്ങളില്‍ നിന്ന് 36 ആയി വര്‍ദ്ധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഇടം നേടി. പാര്‍ട്ടിയില്‍ വനിത പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, പികെ ജയലക്ഷ്മി എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഇടം നേടിയ വനിതകള്‍. നേരത്തെ ഷാനിമോള്‍ ഉസ്മാന്‍ മാത്രമായിരുന്നു സമിതിയില്‍ ഉണ്ടായിരുന്നത്. സമിതിയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയ മുതിര്‍ന്ന നേതാവ് വിഎം സുധീരനെയും പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനെയും സമിതിയില്‍ ഉള്‍പ്പെടുത്തി. അതേ സമയം എകെ ആന്റണിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സമിതിയില്‍ നിലനിറുത്തിയിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, നേരത്തെ പാര്‍ട്ടി വിട്ട കെവി തോമസ്, പിസി ചാക്കോ എന്നിവരെ സമിതിയില്‍ നിന്ന് ഒഴിവാക്കി.