'പിണറായി വിജയന്‍ എറിഞ്ഞു കൊടുക്കുന്ന വറ്റുകള്‍ കഴിച്ച് എ.കെ.ജി സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാള്‍ കൂടി'; സി.കെ ശ്രീധരന് എതിരെ കെ. സുധാകരന്‍

പെരിയ ഇരട്ടകൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കെപിസിസി ഉപാദ്ധ്യക്ഷനും നിലവില്‍ സിപിഎം അംഗവുമായ അഡ്വ. സി കെ ശ്രീധരനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായി വിജയന്‍ എറിഞ്ഞു കൊടുക്കുന്ന വറ്റുകള്‍ കഴിച്ച് എകെജി സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാള്‍ കൂടിയുണ്ടായെന്നും ഏതെങ്കിലും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല സത്യമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്. ആസൂത്രിതമായി തന്നെ. ഏതെങ്കിലും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത് തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികള്‍ക്ക് നീതി വാങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളും.

കൂടെയുള്ളവര്‍ മരണപ്പെട്ടാല്‍ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോണ്‍ഗ്രസിന്റേത്. ഈ പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തകനും ഞങ്ങള്‍ക്ക് ജീവനാണ്. അതില്‍ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാന്‍ ഞങ്ങളനുവദിക്കില്ല. നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും.

Read more

സിപിഎമ്മിന്റെ അടുക്കളപ്പുറത്തെ എച്ചില്‍ നക്കാന്‍ ഒരുപാട് അടിമകള്‍ ഇന്നാട്ടിലുണ്ട്. പിണറായി വിജയന്‍ എറിഞ്ഞു കൊടുക്കുന്ന വറ്റുകള്‍ കഴിച്ച്, AKG സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓര്‍ത്തു സഹതപിക്കും.