സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: കുടിശ്ശിക തുക നല്കിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് കെപിസിടിഎ, വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിലും മാറ്റമില്ല

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി വിഷയത്തിലെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.സി.ടി.എ. 50 ശതമാനം കുടിശ്ശിക നല്കിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല, 2016ൽ അനുവദിച്ച തുകയാണ് ഇപ്പോഴും തുടർന്ന് പോകുന്നത്. തുകയിൽ കാലോചിതമായ വർദ്ധനവ് വരുത്തണം. മൂന്നിരട്ടിയിലധികം തുകയാണ് സാധനങ്ങൾക്ക് വർദ്ധിച്ചതെന്നും അടിയന്തരമായി സർക്കാർ പരിഹാരം ഉണ്ടാക്കണമെന്നും അധ്യാപക സംഘടനയായ കെ.പി.സി.ടി.എ പറഞ്ഞു.

അതുവരെയും സമരവുമായും നിയമ നടപടിയുമായും മുന്നോട്ടു പോകും. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ മാറ്റമില്ലെന്നും കെ.പി.സി.ടി.എ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശിക വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

കുടിശ്ശിക തുകയുടെ 50% നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഇതിനായി 81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ ഇന്നലെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. ഹർജി ഹൈക്കോടതി ഈ മാസം 30 ന് പരിഗണിക്കാനായി മാറ്റിവെച്ചു.

കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കേരള സർക്കാരിന്‍റെ വാദങ്ങൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നിരുന്നു. പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു.

ഈ സാഹചര്യത്തിലാണു തുടർന്നുള്ള ഫണ്ട് കൈമാറാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഓഗസ്റ്റ് 8ന് അറിയിച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതിനാലാണു കേരളത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നു മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് പണമില്ലെന്നും പ്രധാനാധ്യാപകർ കടമെടുത്താണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിലനിൽക്കുന്നതെന്നും അധ്യാപകർ പറഞ്ഞിരുന്നു. പദ്ധതിയുടെ കുടിശിക സർക്കാർ നൽകണമെന്നും ഇല്ലെങ്കിൽ പദ്ധതി നിർത്തിവെക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമെന്നും അധ്യാപക സംഘടനകൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു.