കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

കെഎസ്ഇബിയില്‍ നിലവിലുള്ള അംഗീകൃത ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ ശക്തമായ യുവജനപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കെഎസ്ഇബിയില്‍ നിലവില്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയ എണ്ണം പ്രകാരം 30321 ജീവനക്കാര്‍ വേണം. അത് പ്രകാരം 3634 ജീവനക്കാരുടെ കുറവ് നിലനില്‍ക്കുകയാണ്. ജീവനക്കാരുടെ കുറവുകാരണം തൊഴിലാളികളുടെ ജോലിഭാരം കൂടുന്നതും സുരക്ഷാ മാനദണ്ഡം പോലും പാലിക്കാതെ ജോലി ചെയ്യേണ്ടി വരുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കൂടാതെ ഉപഭോക്താക്കള്‍ക്ക് ന്യായമായി ലഭിക്കേണ്ട സേവനത്തിലും കുറവുണ്ടാകുന്നു. മേല്‍പ്പറഞ്ഞ ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ പിഎസ്സി ലിസ്റ്റ് നിലവിലുണ്ട്. 912 പേരെ ഉടന്‍ നിയമിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയെങ്കിലും അതില്‍ നിന്നും പിന്നോട്ട് പോവുകയാണ്.ഇത് അംഗീകരിക്കാന്‍ കഴിയില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച എണ്ണത്തിന് കണക്കായെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിന് പകരം കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.