കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; നഷ്ടത്തിലാണെന്ന പല്ലവി ആവര്‍ത്തിക്കുകയല്ല വേണ്ടത്: ജനയുഗം മുഖപ്രസംഗം

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെയും മാനേജ്‌മെന്റിനെയും വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ക്ക് തൊഴിലാളികളേയും ജീവനക്കാരേയും പഴിചാരുന്ന പ്രവണതയാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ഗതാഗതമന്ത്രി നടത്തിയ പ്രസ്താവനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നഷ്ടത്തിന് കാരണം പലതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധന വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നുണ്ട്. പക്ഷേ സ്വകാര്യ പമ്പുകള്‍ക്ക് നല്കി വന്നിരുന്ന നിരക്കില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഉപഭോക്താവ് എന്ന പരിഗണനയിലേക്ക് മാറ്റി ഇന്ധന വില ഉയര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴിചാരുകയാണ്. കാര്യശേഷിയുള്ള ഒരു മാനേജ്മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവര്‍ത്തിക്കുകയല്ല വേണ്ടത്. പിരിച്ചുവിടലും നിര്‍ത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്നത്തെ സമീപിക്കുന്നത്. എല്ലാത്തിനും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനുപകരം കെഎസ്ആര്‍ടിസിയുടെ യഥാര്‍ത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കുക എന്നതായിരിക്കണം മാനേജ്മെന്റിന്റെ മുഖ്യപരിഗണനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നിലവില്‍ സ്ഥാപനത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റിനു കീഴിലേക്ക് മാറുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനം നഷ്ടത്തിലാകാന്‍ കാരണമാകും. സ്വിഫ്റ്റിന് കീഴിലേക്ക് മാറാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ജീവിതോപാധിയെന്ന നിലയില്‍ തൊഴിലാളികള്‍ അതിന്റെ കൂടെ നില്ക്കുമെന്നതില്‍ സംശയമില്ല. അങ്ങനെ നില്ക്കാത്തവരുണ്ടെങ്കില്‍ കുറ്റപ്പെടുത്തുകയുമാവാം.

Read more

എന്നാല്‍ തൊഴിലാളികള്‍ കൂടുതലാണ്, തൊഴിലെടുക്കുന്നില്ല, ജോലി ചെയ്യാതെ കൂലി വാങ്ങുന്നു എന്നിങ്ങനെ മുഴുവന്‍ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനം ഇപ്പോഴത്തെ മാനേജ്മെന്റില്‍ നിന്നുണ്ടാകുന്നു. ഇത് ആശ്വാസ്യമല്ല. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് മാത്രമേ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.