സ്വകാര്യമേഖലയേക്കാള്‍ പകുതി നിരക്ക്; ഹെവി ഡ്രൈവിങ് 'ആനവണ്ടി'യില്‍ പഠിക്കാം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ ഇന്നു തുറക്കും; നിരക്കുകള്‍ ഇങ്ങനെ

കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാര്‍ പവര്‍ പ്‌ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് നല്‍കിയിട്ടുണ്ട്. ഹെവി ഡ്രൈവിങ് പരിശീലനത്തിനു സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപ ഈടാക്കുന്നുണ്ട്. കാര്‍ ഡ്രൈവിങ്ങിന് 12,000 മുതല്‍ 14,000 വരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങള്‍ക്ക് 6000 രൂപ ഫീസ് വാങ്ങുന്നുണ്ട്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന അക്രെഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് പരിശീലനകേന്ദ്രങ്ങളിലെ രീതിയാണ് കെ.എസ്.ആര്‍.ടി.സി.യും സ്വീകരിച്ചിട്ടുള്ളത്.

Read more

ആനയറ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.