പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കെടി ജലീല്‍ എംഎല്‍എ. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തെ വികസന കുതിപ്പിലേക്ക് നയിച്ചെന്നും ജലീല്‍ അഭിപ്രായപ്പെടുന്നു. നാഷണല്‍ ഹൈവേ വികസനവും ഗെയ്ല്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാക്കിയതും ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും ജലീല്‍ അവകാശപ്പെടുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇന്ന് കേരളം എത്തിയേടത്ത് എത്താന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കുകയോ അതല്ലെങ്കില്‍ വികസനത്തിന്റെ കിനാക്കളുടെ മേല്‍ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ടി വരുമായിരുന്നെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

രാസലഹരി മാഫിയ കണ്ണുവെച്ച കേരളത്തെ, അവര്‍ക്ക് വിട്ടുകൊടുക്കാതെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള ‘യുദ്ധ’ത്തിന്റെ കമാന്റെര്‍ ഇന്‍ ചീഫായി, പിണറായി വിജയന്‍ കച്ച മുറുക്കി അടര്‍ക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. മരണഭീതി പടര്‍ത്തി തിമര്‍ത്താടിയ കോവിഡ് മഹാമാരിയേയും, നാടിനെ ഞെട്ടിച്ച് പെയ്തിറങ്ങിയ മഹാപ്രളയത്തെയും സധൈര്യം നേരിട്ട് തോല്‍പ്പിച്ച ചങ്കുറപ്പോടെ, രാസലഹരിയുടെ വൈതാളികരെ കെട്ടുകെട്ടിക്കാനും പിണറായിയുടെ നേതൃത്വത്തില്‍ നമുക്ക് കഴിയുമെന്നും ജലീല്‍ പറയുന്നു.

റവന്യൂ ഭരണത്തില്‍ നിന്നുള്‍പ്പടെ സര്‍വ്വ ഭരണ കേന്ദ്രങ്ങളില്‍ നിന്നും അഴിമതിയുടെ പ്രേതത്തെ കെട്ടുകെട്ടിച്ച്, എല്ലാ പ്രതിസന്ധികളില്‍ നിന്നും കേരളത്തെ സംരക്ഷിച്ച്, വികസനത്തിന്റെ പുത്തന്‍ ഭൂമികയിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കേരളത്തെ വഴിനടത്തുന്ന ചുവപ്പന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് മലയാളികള്‍ ഒരു മൂന്നാമൂഴം നല്‍കുകയെന്നും കുറിപ്പിന്റെ അവസാന ഭാഗത്തില്‍ ജലീല്‍ ചോദിക്കുന്നു.

Read more